ന്യൂഡൽഹി; രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 21 നാണ്. ജയിക്കാൻ കഴിയുന്ന സീറ്റിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നാളെ ചേരുന്ന എൽഡിഎഫ് യോഗം തീരുമാനമെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീളാനാണ് സാധ്യത.
എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാർ, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിൽ രണ്ടിന് തീരുന്നത്. വിജയിക്കാൻ കഴിയുന്ന രണ്ടുസീറ്റുകളുടെ വിഭജനം നാളെ വൈകിട്ട് ചേരുന്ന എൽഡിഎഫ് യോഗം ചർച്ച ചെയ്യും. രണ്ട് സീറ്റിലും മത്സരിക്കാനുള്ള സാധ്യതയാണ് സിപിഐഎം പരിശോധിക്കുന്നത്. സീറ്റുവേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. എൽജെഡി, എൻസിപി, ജെഡിഎസ് എന്നിവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സിപിഐക്ക് ഒരു സീറ്റ് നൽകുമെന്നാണ് സൂചന. തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാർഥികളേയും തീരുമാനിക്കും.