ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ ആരും നേതൃമാറ്റ ആവശ്യം ഉന്നയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സെപ്റ്റംബറില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുവരെ സോണിയ തന്നെ പാര്‍ട്ടിയെ നയിക്കും.
ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദല്‍ എന്തിനെന്ന് അംബിക സോണി ചോദിച്ചു. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നുമാണ് വിവരം.
ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോര്‍ട്ടിങ് നടന്നു. നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു.
ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ജി 23 നേതാക്കളില്‍ ആരും യോഗത്തില്‍ സോണിയയുടെ രാജി ആവശ്യപ്പെട്ടില്ല. യോഗത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ ആരും രാജിസന്നദ്ധത അറിയിച്ചില്ലെന്നാണ് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കളില്‍ ചിലര്‍ രാജിവച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്ന വിലയിരുത്തലാണ് നാലര മണിക്കൂറോളം നീണ്ട യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. തോല്‍വി അതീവഗൗരവതരമാണെന്നും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളില്‍ കൃത്യയമായ ഇടപെടല്‍ നടത്തുമെന്നും പ്രവര്‍ത്തകസമിതി യോഗം പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.
സംഘടനാ തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും പ്രവര്‍ത്തന സമിതി സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി.
തോല്‍വിയുടെ ഗൗരവം പാര്‍ട്ടി മനസിലാക്കുന്നുവെന്നും പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മുതിര്‍ന്ന നേതാക്കളുടെ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്നും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന കാര്യത്തില്‍ കൃത്യമായ ചര്‍ച്ചകള്‍ നടക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്നോട്ടുപോകുമെന്നും ആദ്ദേഹം വ്യക്തമാക്കി.
നിര്‍ണ്ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കേയാണ് ഗാന്ധി കുടുംബം പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്ക ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കും. അധ്യക്ഷ സ്ഥാനത്തില്ലെങ്കിലും അദൃശ്യ നിയന്ത്രണം നടത്തുന്ന രാഹുല്‍ഗാന്ധിയും പിന്മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച എഐസിസി പ്രചാരണവിഭാഗം ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ബിജെപിക്കായി ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുകയാണെന്ന് ആരോപിച്ചു.