കീവ്: യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
കീവിന് സമീപത്തെ ഇര്‍പിനില്‍ ആണ് അമേരിക്കക്കാരന്‍ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റത്. വെടിവെപ്പില്‍ യുക്രൈന്‍കാരനായ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്.
യുക്രൈനിയന്‍ ടെറിട്ടോറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ചാണ് എ.എഫ്.പി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുദ്ധസ്ഥലത്ത് തല്‍ക്ഷണം കൊല്ലപ്പെട്ടതായും മറ്റൊരാള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രൈനിലെ ഇര്‍പ്പിനിലുള്ള എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടു.
റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്തിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെന്റ് റിനൗഡും യുക്രൈന്‍ കാരായ രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.
ന്യൂയോർക്ക് ടൈംസിന് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ബ്രന്‍ഡ് റെനോഡിന്‍റെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്നും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവും ആയിരുന്നു അദ്ദേഹമെന്നും ന്യൂയോര്‍ക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ ക്ലിഫ് ലെവി പറഞ്ഞു. കൊല്ലപ്പെട്ട ബ്രന്‍ഡ് റെനോഡ് യുക്രൈനില്‍ ന്യൂയോർക്ക് ടൈംസിന് വേണ്ടിയുള്ള ജോലികളില്‍ അല്ലായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
.@nytimes is deeply saddened to learn of the death of an American journalist in Ukraine, Brent Renaud.
Brent was a talented photographer and filmmaker, but he was not on assignment for @nytimes in Ukraine.
Full statement is here. pic.twitter.com/bRcrnNDacQ— Cliff Levy (@cliffordlevy) March 13, 2022