ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ അധിനിവേശം പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുക്രൈനിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യുക്രൈനിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
യുക്രൈനില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ച ഓപ്പറേഷന്‍ ഗംഗ മിഷനും യോഗത്തില്‍ വിലയിരുത്തി. ഫെബ്രുവരി 24-ന് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. മാര്‍ച്ച് പതിനൊന്നോടെ മുഴുവന്‍ ഇന്ത്യക്കാരേയും തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.