ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ഉത്തർപ്രദേശിലെ സർക്കാർ രൂപികരണ ചർച്ചകളുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, അമിത് ഷാ എന്നിവരുമായി യോഗി ഇന്ന് ചർച്ച നടത്തും.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് വെങ്കയ്യ നായിഡുവുമായും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായും യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചരിത്ര വിജയം നേടിക്കഴിഞ്ഞ് ഇതാദ്യമായാണ് യോഗി ആദിത്യനാഥ് തലസ്ഥാനത്തെത്തി ഉന്നത നേതാക്കളെ കാണുന്നത്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഉള്‍പ്പെടെ ഒഴിവാക്കി പുതിയ ക്യാബിനറ്റ് രൂപീകരിക്കാനുള്ള കാര്യങ്ങളാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. കേശവ് പ്രസാദ് മൗര്യയുടെ തോല്‍വിയെത്തുടര്‍ന്ന് ഒബിസി വിഭാഗത്തില്‍ നിന്ന് മൂന്ന് ഉപമുഖ്യമന്ത്രിമാരെ പുതിയ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് , ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിൽ ഉള്ളത്.
ബിജെപി യുപിയില്‍ വന്‍ഭൂരിക്ഷം നേടിയെങ്കിലും മൗര്യ ഉള്‍പ്പെടെ നിരവധി സിറ്റിങ് മന്ത്രിമാര്‍ക്ക് തങ്ങളുടെ സീറ്റുകള്‍ നഷ്ടമായിരുന്നു. ഗ്രാമവികസന മന്ത്രി മോത്തി സിങ്, വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി, സുരേഷ് റാണ എന്നിവരാണ് ബി.ജെ.പിയില്‍ നിന്ന് പരാജയപ്പെട്ടവരില്‍ പ്രമുഖര്‍.
കുർമി വിഭാഗത്തിൽ നിന്നാണ് സ്വതന്ദ്രദേവ്, ബിഎസ്പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ, ബ്രാഹ്മിൺ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്. നോയിഡയിൽ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങിൻറെ മകൻ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര തിരിച്ചുവരവാണ് ബിജെപി നടത്തിയത്. 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. എന്‍ഡിഎയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകള്‍ നേടാന്‍ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളാണ്.