ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിക്ക് കോവിഡ്. രണ്ടാം തവണയാണ് ആന്റണിക്ക് കോവിഡ് ബാധിക്കുന്നത്. ഇതേതുടര്‍ന്ന് ഇന്ന് നടക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ആന്റണി പങ്കെടുക്കുന്നില്ല.
ഇന്ന് നടത്തിയ പരിശോധനയിലാണ് ആന്റണിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. ആരോഗ്യ പ്രശ്നങ്ങൾ മൂലം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും യോഗത്തിൽ പങ്കെടുക്കുന്നില്ല.
ചില ആരോഗ്യ കാരണങ്ങളാലാണ് മന്‍മോഹന്‍ സിങ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച രാവിലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക കോണ്‍ഗ്രസ് പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തിലും മന്‍മോഹന്‍ സിങ് പങ്കെടുത്തിരുന്നില്ല.ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് നാല് മണിക്കാണ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചത്.
അതെസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്തെത്തി. എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും നേതൃമാറ്റവും ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുകയാണ്.
സെപ്തംബറിൽ നടത്താനിരുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യോഗത്തിൽ ധാരണയാകുമെന്നാണ് വിവരം. അതേസമയം മുകുൾ വാസ്നിക്കിനെ അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്‌നിക്. കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത്തഞ്ചാം വയസിലാണ് വാസ്നിക് ആദ്യമായി എംപിയായത്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എൻ.എസ്.യുവിൻറെയും യൂത്ത് കോൺഗ്രസിൻറെയും ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് അശോക് ഗെഹ്‍ലോട്ടും രംഗത്തെത്തി. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആഭ്യന്തര കലഹമാണ്. മതം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്‍ലോട്ട് വിമര്‍ശിച്ചു.