കൊല്ലം: കൊല്ലം പുനലൂരിൽ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു. കൗൺസിലറും സിപിഎം നേതാവുമായ ദിനേശിന്റെ കൈയ്ക്കാണ് കനത്ത ചൂടിൽ പൊള്ളലേറ്റത്. കലയനാട്ട് ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് പൊള്ളലേറ്റത്.
അതേമയം, സംസ്ഥാനത്ത് ഇന്നും നാളെയും വരണ്ട കാലാവസ്ഥ തുടരും എന്നാണ് മുന്നറിയിപ്പ്. മിക്കയിടങ്ങളിലും പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടന്നേക്കും. ആറ് ജില്ലകൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കൊല്ലം പുനലൂരിലാണ്.
കൊല്ലം പുനലൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെൽഷ്യസ്. തൃശ്ശൂർ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെൽഷ്യസും പാലക്കാട് 37.6 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂർ എന്നിവടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നു. അതേസമയം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് തൃശ്ശൂർ വെള്ളാനിക്കരയിൽ 39.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, പാലക്കാട് പട്ടാമ്പി, വെള്ളാനിക്കര, കണ്ണൂർ എയർപോർട്ട് എന്നിവടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നെന്നാണ് കെഎസ്ഡിഎംഎയുടെ (KSDMA) കണക്ക്. അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.
കടുത്ത ചൂടിൽ വലയുകയാണ് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ള തൊഴിലാളികൾ. ഉച്ചസമയത്ത് പുറം ജോലികൾക്കുള്ള വിലക്ക് തുടരുകയാണ്. കോട്ടയത്ത് ട്രാഫിക്ക് പൊലീസുകാരുടെ ജോലിസമയം പുനക്രമീകരിച്ചു. ചൊവ്വാഴ്ചയോടെ വേനൽമഴ കിട്ടിയേക്കും. മാർച്ച് അവസാനത്തോടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വരണ്ട വടക്ക് കിഴക്കൻ കാറ്റാണ് ഈ ദിവസങ്ങളിൽ ചൂട് കൂടാൻ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കൻ കാറ്റിന് കാരണം.