കൊച്ചി: പോക്സോ കേസിൽ പൊലീസ് തിരയവെ കീഴടങ്ങിയ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്.അഭിഭാഷകയ്ക്കും ബന്ധുക്കൾക്കുമൊപ്പമാണ് റോയ് വയലാട്ട് എത്തിയത്. കീഴടങ്ങിയ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് ചോദ്യം ചെയ്തു. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. റോയ് വയലാട്ടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷക പറഞ്ഞു.
റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.