ദുബൈ: യു.എ.ഇയുടെ ഓളപ്പരപ്പുകൾക്ക് ഇപ്പോൾ ബോട്ടിൻറെ ശബ്ദമാണ്. ഇടവേളക്ക് ശേഷമെത്തിയ അന്താരാഷ്ട്ര ബോട്ട് ഷോ ദുബൈ ഹാർബറിൽ തകർത്താടുന്നു. ഇതുവരെ കാണാത്ത ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബോട്ടുകൾ കാണാൻ സന്ദർശകരുടെ ഒഴുക്കാണ്. മേള നാളെ സമാപിക്കും. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബോട്ട് ഷോ സന്ദർശിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ബോട്ട് ഷോ എത്തുന്നത്. അതുകൊണ്ടുതന്നെ, കൂടുതൽ ആവേശത്തോടെയാണ് ദുബൈ ഇതിനെ വരവേൽക്കുന്നത്. യു.എ.ഇയുടെ സ്വന്തം തട്ടകത്തിൽ വിരിയിച്ചെടുത്ത ഒരുപിടി ബോട്ടുകളാണ് ഈ സീസണിൻറെ ഏറ്റവും വലിയ ആകർഷണം. ഇവ ആദ്യമായി പുറത്തിറക്കുന്നതും ഈ ബോട്ട്ഷോയിലാണ്. 54 രാജ്യങ്ങളിലെ 800ഓളം ബ്രാൻഡുകളുടെ 400ൽപരം ബോട്ടുകളാണ് സന്ദർശകരെ വിസ്മയിപ്പിക്കുന്നത്. ബോട്ടുകൾക്കുള്ളിൽ കയറാനും കാണാനും ആസ്വദിക്കാനും കഴിയും. ഒരിക്കൽ പോലും യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അത്യാഡംബര യാനങ്ങളുടെ ഉള്ളിൽകയറാനും സൗകര്യങ്ങൾ കാണാനും ബോട്ട് ഷോയിൽ അവസരമുണ്ട്. ചെറുവള്ളങ്ങൾ മുതൽ വമ്പൻ ബോട്ടുകൾ വരെ ഇവിടെ കാണാം. ദുബൈയെ യാനങ്ങളുടെ അന്താരാഷ്ട്ര കേന്ദ്രമാക്കുകയാണ് ലക്ഷ്യം.