അബുദാബി: വിമാനത്തിൽ ബോബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ (Bomb Threat) വിദേശിക്ക് അബുദാബി കോടതി അഞ്ച് ലക്ഷം ദിർഹം പിഴ ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് പൗരനായ (British Citizen) ഇയാളെ പിഴ ഈടാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഭീഷണി കാരണം വിമാന സർവീസ് റദ്ദാക്കേണ്ടി വന്നിരുന്നു.
അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മാഞ്ചസ്റ്ററിലേക്ക് പോകേണ്ട വിമാനത്തിലെ യാത്രക്കാരനായിരുന്നു പ്രതി. എന്നാൽ ഇയാൾ വിമാനത്തിൽ കയറാൻ വിസമ്മതിക്കുകയും വിമാനത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ജീവനക്കാരോട് പറയുകയുമായിരുന്നു. ഇതോടെ അബുദാബി വിമാനത്താവളത്തിലെ സെക്യൂരിറ്റി ടീം കുതിച്ചെത്തി യാത്രക്കാരെയെയും ജീവനക്കാരെയുമെല്ലാം വിമാനത്തിൽ നിന്ന് അടിയന്തിരമായി പുറത്തിറക്കി.
എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു. ബാഗേജുകളും കാർഗോയും തിരിച്ചിറക്കി അവയെല്ലാം വിശദ പരിശോധനയ്‍ക്ക് വിധേയമാക്കുകയും ചെയ്‍തു. ബോംബ് കണ്ടെത്തുന്നതനുള്ള പ്രത്യേക സ്‍ക്വാഡ് സ്ഥലത്തെത്തി വിമാനത്തിനുള്ളിൽ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.