തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാ സംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചു. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിഹാനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊലക്കേസ് പ്രതികളായ ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കൊലക്കേസിലടക്കം നിരവധി കേസിലെ പ്രതിയായ ഗുണ്ടയ്ക്കൊപ്പമിരുന്ന് പൊലീസുകാരന്‍ മദ്യപിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്‍റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂര്‍പ്പാറ കുട്ടിനാണ് പൊലീസുകാരന് മദ്യസത്കാരമൊരുക്കിയത്. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസമാണ് മദ്യസത്കാരമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.