ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ അടുത്ത ഡല്‍ഹി ലഫ്.ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്‌രിവാളിന്റെ ചോദ്യം.
“ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ അടുത്ത ഡൽഹി ലഫ്.ഗവർണറായി നിയമിക്കാനാണോ ഒരുക്കം?”-കേജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
Is Mr Praful Patel, Administrator of Lakshdweep, being made the next LG of Delhi?
— Arvind Kejriwal (@ArvindKejriwal) March 12, 2022
ഡല്‍ഹിയില്‍ അടുത്തിടെ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ ഗവര്‍ണറെ നിയമിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
വിവി പാറ്റ് സൗകര്യത്തോടെയുള്ള വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രഫുല്‍ പട്ടേലിനെ ലഫ്. ഗവര്‍ണറാക്കുമോയെന്ന് കെജ്‌രിവാള്‍ ചോദ്യമുയര്‍ത്തിയത്.
ലക്ഷദ്വീപിൽ നടപ്പാക്കിയ ഭരണപരിഷ്കരണങ്ങളുടെ പേരിൽ പ്രദേശവാസികളുടെ എതിർപ്പ് നേരിടുകയാണ് പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിലെ ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പ്രഫുല്‍ പട്ടേലിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.