ഇംഫാൽ: മണിപ്പൂരിൽ ജെഡിയു എംഎൽഎമാർ ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആറ് എംഎൽഎമാരാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ജനതാത്പര്യം മാനിച്ചാണ് തീരുമാനമെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ജെഡിയു വ്യക്തമാക്കി.
ജനങ്ങളുടെ താത്പര്യങ്ങളും പ്രതീക്ഷകളും പൂർത്തീകരിക്കാൻ ബിജെപി സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ജെഡിയു നേതാവ് ഖുമുക്ക്ചം ജോയ്കിസാൻ സിംഗിനെ തങ്ങളുടെ നേതാവ് ആയി തിരഞ്ഞെടുത്തിരിക്കുന്നുവെന്നും ജെഡിയു പറഞ്ഞു.
60 അംഗ നിയസഭയിൽ 32 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. 31 സീറ്റുകൾ ആണ് സർക്കാർ രൂപീകരണത്തിനായി വേണ്ടത്. ആറ് എംഎൽഎമാരുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ ബിജെപി സർക്കാരിന്റെ അംഗബലം ഉയരും.