കീവ്: യുക്രൈനിലെ മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊട്ടുപോയി റഷ്യൻ സൈന്യം. മേയറെ റഷ്യൻ സൈന്യം ഉടൻ വിട്ടയക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. മേയറെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സെലൻസ്‌കി ഫ്രാൻസിന്‍റെയും ജർമ്മനിയുടെയും സഹായം അഭ്യർത്ഥിച്ചു.
”ഞങ്ങളുടെ ആവശ്യം ന്യായമുള്ളതാണ്, ഞാൻ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെ ഫോണിൽ വിളിച്ചിട്ടുണ്ട്, ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാൻ ആവശ്യമായ എല്ലാവരുമായും ഞാൻ സംസാരിക്കും”, മേയറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോയിൽ സെലൻസ്‌കി പറഞ്ഞു.
റഷ്യൻ അധിനിവേശത്തിനെതിരെയും മേയറെ തട്ടിക്കൊണ്ടുപോയതിനെതിരെയും യുക്രൈനിയൻ ജനത മെരിറ്റോപോളിൽ പ്രതിഷേധിച്ചു. ‘മോസ്‌കോ, നിങ്ങൾ കേൾക്കുന്നുണ്ടോ? അധിനിവേശത്തിനെതിരെ 2,000 പേർ മെലിറ്റോപോളിൽ പ്രകടനം നടത്തുന്നു, യുദ്ധത്തിനെതിരെ മോസ്‌കോയിൽ എത്രപേർ പ്രതിഷേധിക്കും ?’ സെലൻസ്‌കി ചോദിച്ചു.
അതേസമയം മെരിയൂപോളിലെ ചരിത്രപ്രസിദ്ധമായ മുസ്ലിം പള്ളിക്ക് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ അധികൃതർ വ്യക്തമാക്കി. ഇവിടെ മുതിർന്നവരും കുട്ടികളുമടക്കം എൺപതോളം സിവിലിയൻമാർ അഭയം തേടിയിരുന്നതായും യുക്രൈൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.