ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ട് നിഷേധിച്ച് കോൺഗ്രസ്. വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. ഊഹാപോഹം പ്രചരിപ്പിക്കുന്നവർക്ക് നാളെ നിരാശപ്പെടേണ്ടി വരുമെന്ന് മാണിക്കം ടാഗോർ എംപിയും പ്രതികരിച്ചു.
The news story of alleged resignations being carried on NDTV based on unnamed sources is completely unfair, mischievous and incorrect.
It is unfair for a TV channel to carry such unsubstantiated propaganda stories emanating from imaginary sources at the instance of ruling BJP.
— Randeep Singh Surjewala (@rssurjewala) March 12, 2022
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കുമെന്ന വാർത്ത പുറത്തുവന്നത്. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി ചുമലയൊഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് വാർത്ത. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് വാർത്ത.
2019ലെ പൊതു തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. അന്നുമുതൽ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്. പാർട്ടിക്ക് ഇതുവരെ സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല.
ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമർശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് ഗാന്ധി കുടുംബത്തെ നയിച്ചത്. അതേസമയം സോണിയയും രാഹുലും പ്രിയങ്കയും സമ്മർദ്ദ തന്ത്രം പയറ്റുകയാണോയെന്ന് സംശയം ദേശീയ തലത്തിൽ ഉയർന്നിട്ടുണ്ട്. പാർട്ടി പ്രവർത്തക സമിതി നാളെ യോഗം ചേരാനിരിക്കെ വലിയ പ്രഖ്യാപനങ്ങൾക്ക് ഇത് ഇടയാക്കിയേക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവി ചർച്ച ചെയ്യാൻ ഞായറാഴ്ച വൈകിട്ട് 4നാണ് എഐസിസി ആസ്ഥാനത്ത് പ്രവർത്തക സമിതി യോഗം ചേരുന്നത്. യോഗത്തിൽ തോൽവിയുടെ കാരണങ്ങൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ വിശദീകരിക്കും. ജി23 നേതാക്കൾ നേതൃമാറ്റ ആവശ്യം യോഗത്തിൽ ഉന്നയിച്ചേക്കുമെന്നാണ് വിവരം. പഞ്ചാബിലെ തോൽവി അടക്കം ചൂണ്ടിക്കാട്ടി സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് എതിരെയും നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.