ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഉയര്‍ന്ന സ്ഥാനങ്ങൾ വഹിക്കുന്ന ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ മാർച്ച് 13 ന് നടക്കുന്ന കോൺഗ്രസ് യോഗത്തിൽ രാജി സമർപ്പിക്കാൻ ഒരുങ്ങുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നാളത്തെ പ്രവർത്തക സമിതിയിൽ ഇത് സംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് റിപ്പോർട്ട്.
പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാറെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ജി 23 വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്. സോണിയാ ഗാന്ധി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. ഉത്തർ പ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഗാന്ധി കുടുംബമാണെന്ന പ്രചരണത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
നേരത്തെ ഉത്തർ പ്രദേശിന്റെ സംഘടനാ ചുമതലയിൽ നിന്ന് പ്രിയങ്കാ ഗാന്ധി ഒഴിയാനുള്ള സന്നധത അറിയിച്ചിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. പ്രിയങ്ക ഗാന്ധി സജീവമായി പ്രചാരണം നടത്തിയ ഉത്തർപ്രദേശിൽ കോൺഗ്രസിന് 403 സീറ്റിൽ രണ്ട് സീറ്റും 2.4 ശതമാനം വോട്ടും മാത്രമാണ് നേടാനായത്.
സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് ദേശീയ നേതൃത്വം. രണ്ട് പേർ വർക്കിങ് പ്രസിഡന്റുമാരാകുമെന്നാണ് വിവരം. കമൽനാഥിന്റെയും ഗുലാം നബി ആസാദിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നാളെ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജി 23 നേതാക്കൾ പുനസംഘടനയാവശ്യപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം.
അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോകുന്നത് തടയാനാണ് നിലവിൽ നേതൃത്വത്തിന്റെ നീക്കം. ജി 23 നേതാക്കളെ അനുനയിപ്പിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അവർ കൂടി യോജിക്കുന്ന സാഹചര്യമുണ്ടായാൽ വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം കൈകൊള്ളും.
അതേസമയം, ഗാന്ധിമാർ നാളെ രാജിക്കത്ത് നൽകുമെന്ന റിപ്പോര്‍ട്ട് കോൺഗ്രസ് പാർട്ടി നിഷേധിച്ചു. വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.