ഭുബനേശ്വർ: ഒഡിഷയിൽ ബിജെഡി എംഎൽഎ (BJD MLA) ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി. സംഭവത്തിൽ പൊലീസുകാരടക്കം 20ഓളം പേർക്ക് പരിക്കേറ്റു. ചിലിക്ക എംഎൽഎയും ബിജെഡി നേതാവുമായ പ്രശാന്ത കുമാർ ജഗ്ദേവ് (Prashanta Jagdev) ആണ് തന്റെ ആഡംബര കാർ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയത്. പ്രതിപക്ഷ പാർട്ടി പ്രവർത്തകരുമായുള്ള തർക്കത്തിന് പിന്നാലെയാണ് ഇയാൾ കാർ ഇടിച്ചുകയറ്റിയത്. ഇയാളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നതായി പാർട്ടി നേതൃത്വം അറിയിച്ചു. പഞ്ചായത്ത് സമിതി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. തന്റെ വഴി തടയാൻ ശ്രമിച്ചാൽ വാഹനം കൊണ്ട് ഇടിക്കുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
തിരക്കായതിനാൽ കാറിൽ പോകരുതെന്ന് നാട്ടുകാർ എംഎൽഎയോട് പറഞ്ഞു. എന്നാൽ എംഎൽഎ ബോധപൂർവം തന്റെ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയെന്ന് നാട്ടൂകാർ പറഞ്ഞു. ഏഴ് പൊലീസുകാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സെൻട്രൽ റേഞ്ച് ഐജി നരസിംഗ ഭോൽ മാധ്യമങ്ങളോട് പറഞ്ഞു.
വാഹനം തടയാൻ ശ്രമിച്ച ബാനപൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് രശ്മി രഞ്ജൻ സാഹുവിനും പരിക്കേറ്റു.