രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് പേരറിവാളന് ജാമ്യം ലഭിച്ചതെന്നാണ് കോടതി പറയുന്നത്. രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു പലരും പറഞ്ഞതനുസരിച്ച് ബോംബുണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളൻ വാങ്ങി നൽകുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ട്. അതുകൊണ്ട് തന്നെ പേരറിവാളൻ ഇത്രയധികം ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന ഒരു പൊതുവികാരം തമിഴ്നാട്ടിൽ ഉയർന്നു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പേരറിവാളൻ വധക്കേസിൽ ഉൾപ്പെട്ടത് അറിഞ്ഞു കൊണ്ടല്ല എന്നുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും പുറത്തു വന്നിരുന്നു.
രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന 7 പ്രതികളേയും വിട്ടയക്കണമെന്ന ആവശ്യം കഴിഞ്ഞ അണ്ണാ ഡി.എം.കെ സർക്കാർ ഗവർണറുടെ മുന്നിൽ വെക്കുകയും ഗവർണർ അത് തള്ളുകയും ചെയ്തിരുന്നു. പിന്നീട് ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നപ്പോഴും ഈ ഏഴ് പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഗവർണർ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പേരറിവാളന് ജാമ്യം ലഭിക്കുന്നതോടെ നളിനി ഉൾപ്പെടെയുള്ള മറ്റു പ്രതികളും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
രാജീവ് ഗാന്ധി കേസിലെ ഏഴ് പ്രതികളില്‍ ഒരാളാണ് പേരറിവാളന്‍. അമ്മ അര്‍പുതമ്മാള്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പേരറിവാളന് ജാമ്യം ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഉണ്ടായ ജനവികാരവും സര്‍ക്കാര്‍ ഇടപെടലുകളും അന്വേഷണ ഉദ്യോഗസ്ഥന്റെവെളിപ്പെടുത്തലും അടക്കമുള്ളവ വീണ്ടും ചര്‍ച്ചയാവുകയാണ്. 1991 മെയ് 21 -നാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയ രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോള്‍ പേരറിവാളന് വെറും 19 വയസ്. ബോംബാക്രമണത്തിൽ രാജീവ് ഗാന്ധിയുൾപ്പെടെ 16 പേരായിരുന്നു കൊല്ലപ്പെട്ടത്. 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1991 ജൂണിലായിരുന്നു ചെന്നൈയിൽ നിന്ന് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധി വധത്തിൽ ബോംബുണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച ബാറ്ററി നൽകി എന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ അദ്ദേഹം സ്വന്തം പേരിൽ ഒരു മോട്ടോർ സൈക്കിൾ വാങ്ങി തെറ്റായ അഡ്രസ് നൽകി എന്ന കേസും ചുമത്തിയിട്ടുണ്ട്.
1998 ജനുവരിയിലാണ് ടാഡാ കോടതി പേരറിവാളനും കൂടെ ഉണ്ടായിരുന്ന 25 പേർക്കുമെതിരെ വധശിക്ഷ വിധിക്കുന്നത്. 1999 മെയ് മാസത്തിൽ സുപ്രീം കോടതി ഇത് ശരിവെക്കുകയും ചെയ്തു. എന്നാൽ 2014 വധശിക്ഷയിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചു. വധശിക്ഷയിൽ നിന്ന് ജീവപര്യന്തം ആക്കി കുറച്ചു. തുടർന്ന് 14 വർഷത്തെ നല്ല നടപ്പ് പരിഗണിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന നിയമം ഉപയോഗിക്കാം എന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ തമിഴ്നാട് അന്നത്തെ ജയലളിത സർക്കാർ സെക്ഷൻ 432 പ്രകാരം പേരറിവാളനെ വിട്ടയക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 24 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ, 2015ൽ വീണ്ടും പേരറിവാളൻ ദയാഹർജി സമർപ്പിച്ചു. 2016ൽ തമിഴ്നാട് സർക്കാർ ഔദ്യോഗികമായി രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട 7 പേരുടെ മോചനത്തിനായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.
ഇതിന് ശേഷം 2017ലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ പുറത്തു വരുന്നത്. ഗൂഢാലോചന സംബന്ധിച്ച് പേരറിവാളന് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ഗൂഢാലോചനയുടെ ഭാഗമായെന്ന കാരണത്താലാണ് നീണ്ട കാലമായി പേരറിവാളൻ ജയിൽശിക്ഷ അനുഭവിക്കുന്നത്. എന്നാൽ, ബാറ്ററികൾ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോൾ പേരറിവാളന് അറിയില്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ത്യാഗരാജൻ സത്യവാങ്മൂലത്തിൽ പറയുന്നത്. ചോദ്യംചെയ്യലിനിടെ ഇക്കാര്യം പേരറിവാളൻ തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തല്‍. പക്ഷേ, മനപ്പൂർവ്വം ആ മൊഴി താൻ രേഖകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
കുറ്റസമ്മതമൊഴിയെ ദുർബലപ്പെടുത്താനേ ഈ വിവരം ഉപകരിക്കൂ എന്നതായിരുന്നു അങ്ങനെ ചെയ്യാനുണ്ടായ കാരണമെന്നും ത്യാഗരാജൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. “1991ൽ എൽടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയർലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു. പേരറിവാളന് ഗൂഢാലോചനയിൽ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു” – ത്യാഗരാജൻ നല്കിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് പേരറിവാളന് വേണ്ടി നിരവധി കോണുകളിൽ നിന്ന് ശബ്ദമുയരുകയും ചെയ്തിരുന്നു. ഇനി കേസിൽ എന്തെങ്കിലും അത്ഭുദങ്ങൾ സംഭവിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.