തിരുവനന്തപുരം: സംസ്ഥാന ബജറ്റ് സമ്പദ്ഘടനയ്ക്ക് ഉത്തേജനമാകുമെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ധനകമ്മി ഉയർത്തി അനുവദനീയമായ വായ്‌പ പൂർണമായും എടുക്കാനുള്ള ഭാവനാപൂർണമായ കാഴ്‌ചപ്പാടാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഏഴായിരത്തിൽപ്പരം കോടി രൂപ കിഫ്ബിയിൽനിന്ന് പശ്ചാത്തലസൗകര്യ നിർമാണത്തിനായി അധികമായി ചെലവഴിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
മുൻവർഷങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കുന്നതും ദേശീയപാതയുടെ ദ്രുതഗതിയിലുള്ള നവീകരണവും അടുത്ത സാമ്പത്തികവർഷം ബജറ്റിനു പുറത്ത് 40,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടും. ദേശീയപാത ഭൂമി ഏറ്റെടുക്കലിനുമാത്രം അടുത്തവർഷം 15,000 കോടിയെങ്കിലും ചെലവഴിക്കും. ഇതിനെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് പ്രതിപക്ഷ നേതാവ് യാഥാർഥ്യബോധമില്ലാത്ത ബജറ്റിനെ വിമർശിച്ചത്.

















