കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. സഞ്ചാരികൾക്ക് ഇതിലൂടെ നേരിട്ട് പൊലീസിന്റെ സഹായം ലഭ്യമാക്കും. ദുബൈയിൽ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കേരളത്തിന്റെ പവലിയൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനിടെ പുതിയ നൂറ് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. യുഎഇ ടൂറിസം മന്ത്രിയെ നേരിൽ കണ്ട വിഷ്ണുനാഥ് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചു. ഒമാനിൽ നിന്ന് സംസ്ഥാനത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നേരത്തേ മഴക്കാലം കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിരുന്നുവെങ്കിൽ ഇപ്പോൾ മൺസൂൺ ആസ്വദിക്കാനായി നിരവധി സഞ്ചാരികൾ കേരളത്തിലേക്ക് എത്തുകയാണ്. യു.എസ്, യുകെ എന്നിവക്ക് പിന്നാലെ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തുന്ന രാജ്യമായി ഒമാൻ മാറി. അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഞ്ചാരികളെ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് കേരളം അറേബ്യ ട്രാവൽ മാർട്ടിൽ സാന്നിധ്യം ശക്തമാക്കിയത്. സീസൺ കാലത്തെ ഉയർന്ന ടിക്കറ്റ് നിരക്ക് ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ആഘോഷ വേളകളിലെങ്കിലും ഓപ്പൺ സ്‌കൈ പോളിസി നടപ്പാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു.
യുഎഇ ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് ആൽ മരിയുമായി പി.സി. വിഷ്ണുനാഥ് കൂടിക്കാഴ്ച നടത്തി. യുഎഇ മന്ത്രിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ.യും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
















