തിരുവനന്തപുരം: യുവജനങ്ങൾക്ക് പ്രധാന പരിഗണന നൽകിയ സംസ്ഥാന സർക്കാരിന്റെ ബജറ്റ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇടതുപക്ഷം എന്നും യുവജനങ്ങൾക്കൊപ്പം കൂടിയാണെന്ന് തെളിയിക്കുന്നതാണ് 2022ലെ ബജറ്റ് പ്രഖ്യാപനങ്ങൾ.
പരിമിതികൾ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന ബജറ്റാണ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചത്. നോളജ് എക്കോണമി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവിൽ ഡിസ്ട്രിക്ട് സ്‌കിൽ പാർക്കുകൾ. അൻപതിനായിരം മുതൽ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീർണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാർക്കുകൾ. 50 കോടി രൂപ ചെലവിൽ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുൾപ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാൻ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള ‘വർക്ക് നിയർ ഹോം’ പദ്ധതി. സ്ത്രീ സുരക്ഷ മുൻനിർത്തി പൊതുഗതാഗത സംവിധാനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം. ട്രാൻസ് ജൻഡറുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നൽകാനുമുള്ള മഴവിൽ പദ്ധതി. സർവകലാശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വകയിരുത്തിയ 200 കോടി. സർവകലാശാലകളോട് ചേർന്ന് 1500 ഹോസ്റ്റൽ മുറികൾ സ്ഥാപിക്കാനുള്ള തീരുമാനം തുടങ്ങി തൊഴിൽ – വിദ്യാഭ്യാസ മേഖലകളെയൊന്നാകെ പരിഗണിക്കുന്ന പ്രഖ്യാപനങ്ങൾ യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
അഭ്യസ്തവിദ്യരായ വീട്ടമ്മമാരുൾപ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാൻ കഴിയുന്ന ഐ.ടി അധിഷ്ടിത സൗകര്യങ്ങളുള്ള ‘വർക്ക് നിയർ ഹോം’ പദ്ധതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കിൽ കോഴ്സുകൾ ആരംഭിക്കാനുള്ള തീരുമാനം. കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽ നിന്ന് 2000 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം എന്നിവ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്. തൊഴിലിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ജനപക്ഷ സർക്കാരിന്റെ കാഴ്ചപ്പാട് നവകേരളത്തിന് കരുത്തുപകരുന്നതാണ്. കേരളത്തിന്റെ വരുംകാല വളർച്ചയ്ക്കും കൂടി ശക്തി പകരുന്ന ഇടതുപക്ഷ സർക്കാരിന്റെ ഈ ബജറ്റ് രാജ്യത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.