തിരുവനന്തപുരം: പ്രളയങ്ങളും കോവിഡും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയായെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കുന്നതിനും പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയകാഴ്ചപ്പാടിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉതകുന്ന ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചതെന്ന് ഡോ. തോമസ് ഐസക്ക്.
സാമ്പത്തിക റിവ്യു റിപ്പോർട്ട് പ്രകാരം സംസ്ഥാന ജിഡിപി 2019-20-ൽ 2.22% ആണു വളർന്നത്. ദേശീയതലത്തിൽ 4% വർദ്ധനയുണ്ടായി. അതുപോലെ 2020-21-ൽ സംസ്ഥാന ജിഡിപി 9.2% ഇടിഞ്ഞപ്പോൾ ദേശീയതലത്തിലെ ഇടിവ് 7.2%-മേ ആയിരുന്നുള്ളൂ. 2019-20-ലെ തിരിച്ചടിക്കു കാരണം തുടർച്ചയായ രണ്ട് പ്രളയവർഷങ്ങളാണെങ്കിൽ കോവിഡ് മാന്ദ്യം ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം ഗൾഫിൽ നിന്നുള്ള തിരിച്ചുവരവാണ്. ഈ പശ്ചാത്തലത്തിൽ ബജറ്റ് സമ്പദ്ഘടനയ്ക്ക് ഉത്തേജകമാകുമെന്ന് ഐസക് പറഞ്ഞു.
ബോധപൂർവ്വം തന്നെയാണ് ധനക്കമ്മി 3.91% ആയി ഉയർത്തി നിർത്തിയിട്ടുള്ളത്. അനുവദനീയമായ വായ്പ പൂർണ്ണമായി എടുക്കുന്നതിനാണ് ധനമന്ത്രി തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം 7000-ത്തിൽപ്പരം കോടി രൂപ കിഫ്ബിയിൽ നിന്ന് പശ്ചാത്തലസൗകര്യ നിർമ്മാണത്തിനായി അധികമായി ചെലവഴിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഐസക് ചൂണ്ടിക്കാട്ടി.
ഡോ തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
പ്രളയങ്ങളും കോവിഡും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനും പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയകാഴ്ചപ്പാടിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉതകുന്ന ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്.
സാമ്പത്തിക റിവ്യു റിപ്പോർട്ട് പ്രകാരം സംസ്ഥാന ജിഡിപി 2019-20-ൽ 2.22% ആണു വളർന്നത്. ദേശീയതലത്തിൽ 4% വർദ്ധനയുണ്ടായി. അതുപോലെ 2020-21-ൽ സംസ്ഥാന ജിഡിപി 9.2% ഇടിഞ്ഞപ്പോൾ ദേശീയതലത്തിലെ ഇടിവ് 7.2%-മേ ആയിരുന്നുള്ളൂ. 2019-20-ലെ തിരിച്ചടിക്കു കാരണം തുടർച്ചയായ രണ്ട് പ്രളയവർഷങ്ങളാണെങ്കിൽ കോവിഡ് മാന്ദ്യം ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം ഗൾഫിൽ നിന്നുള്ള തിരിച്ചുവരവാണ്. ഈ പശ്ചാത്തലത്തിൽ ബജറ്റ് സമ്പദ്ഘടനയ്ക്ക് ഉത്തേജകമാകും. ബോധപൂർവ്വം തന്നെയാണ് ധനക്കമ്മി 3.91% ആയി ഉയർത്തി നിർത്തിയിട്ടുള്ളത്. അനുവദനീയമായ വായ്പ പൂർണ്ണമായി എടുക്കുന്നതിനാണ് ധനമന്ത്രി തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം 7000-ത്തിൽപ്പരം കോടി രൂപ കിഫ്ബിയിൽ നിന്ന് പശ്ചാത്തലസൗകര്യ നിർമ്മാണത്തിനായി അധികമായി ചെലവഴിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കുന്നതും ദേശീയപാതയുടെ ദ്രുതഗതിയിലുള്ള നവീകരണവും അടുത്ത ധനവർഷം ബജറ്റിനു പുറത്ത് 40,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്ന് ഉറപ്പുനൽകുന്നു. ദേശീയപാത ഭൂമി ഏറ്റെടുക്കലിനു മാത്രം ഈ വർഷം 10,000 കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ അടുത്ത വർഷം 15,000 കോടി രൂപയെങ്കിലും ചെലവഴിക്കും. ഇതിനെക്കുറിച്ചു ധാരണയില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റ് എന്നും മറ്റും വിമർശിച്ചിട്ടുള്ളത്. രാജാവിനേക്കാൾ രാജഭക്തിയോടെ നിയോലിബറൽ കമ്മി നിയമം നടപ്പാക്കുകയാണല്ലോ അദ്ദേഹത്തിന്റെ നിലപാട്.
സാമൂഹ്യക്ഷേമവും പോഷകാഹാരത്തിനുമായി ചെലവഴിക്കുന്ന തുകയിൽ നടപ്പുവർഷത്തെ അപേക്ഷിച്ച് 32% വർദ്ധനയുണ്ട്. അതുകൊണ്ട് പശ്ചാത്തലസൗകര്യ വികസനത്തിന് നൽകുന്ന ഊന്നൽമൂലം ജനങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങളിൽ ഒരു കുറവും ഉണ്ടാവില്ലായെന്ന് ബജറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്.
ബജറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന് ആക്കംകൂട്ടാനുള്ള പരിശ്രമമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഉയർന്ന അടങ്കലും, ചക്രവാള വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രങ്ങളും നൈപുണി വികസനത്തിനു നൽകിയിരിക്കുന്ന ഊന്നലും വിജ്ഞാനവ്യവസായങ്ങൾക്കു നൽകിയിരിക്കുന്ന പ്രാധാന്യവും നാളത്തെ വിജ്ഞാന കേരളത്തിന് അടിത്തറയാകും. കാർഷിക മൂല്യവർദ്ധിത വ്യവസായത്തിനു നൽകിയിരിക്കുന്ന ഊന്നലും ശ്രദ്ധേയമാണ്.
ഭൂമിയുടെ ന്യായവിലയിൽ വരുത്തിയിരിക്കുന്ന വർദ്ധനവ് തികച്ചും ന്യായമാണ്. ഇന്ന് ഭൂമി ഏറ്റെടുക്കുന്നതിനു നൽകുന്ന വിലയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മാർക്കറ്റ് കമ്പോളവിലയുടെ പകുതിയിൽ താഴെയാണ് ന്യായവില. വസ്തുവിന്റെ വില വർദ്ധനവുമൂലം കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാപിറ്റൽ ഗെയിൻ ഉണ്ടാകുന്ന മേഖലയാണ് ഭൂമി. പശ്ചാത്തലസൗകര്യ നിർമ്മാണം ഈ പ്രവണതയെ ഇനിയും ശക്തിപ്പെടുത്തും. ഈ നേട്ടത്തിൽ ചെറിയൊരു ഭാഗമെങ്കിലും വിഭവസമാഹരണത്തിനായി ഉപയോഗപ്പെടുത്തണം. ഇതിനെക്കുറിച്ച് ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ തോമസ് പിക്കറ്റിയെ ഒരാവർത്തി ശ്രദ്ധിച്ചു വായിക്കുക.