മലപ്പുറം: മുസ്ലിം ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥയാണെും തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ സ്വാഭാവികമാണെന്നും സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയും ലീഗും തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും വിവിധ വാര്‍ത്ത ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ നിരാശയുണ്ടെന്നും ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഒടുവില്‍ വന്ന തിരഞ്ഞെടുപ്പ് ഫലമടക്കം നല്‍കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സമസ്തയും മുസ്ലിം ലീഗും പരസ്പര പൂരകങ്ങളാണ്. ഇടയ്ക്ക് ചിലപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. വഖഫ് സംരക്ഷണവിഷയത്തില്‍ ലീഗിന് എല്ലാ പിന്തുണയും നല്‍കുമെന്ന സമസ്ത വ്യക്തമാക്കിയ കാര്യമാണ്. തീവ്ര സംഘടനകള്‍ സമുദായത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു. ഇതിനെ മുസ്ലിം ലീഗ് തടയും. മുൻ ഹരിതാ നേതാക്കൾക്കെതിരായ നടപടി പുനഃപരിശോധിക്കാവുന്നതാണ്. സുന്നി ഐക്യത്തിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ ഇനി ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നും അതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ‘മതേതര രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ ലീഗ് എല്ലാ പിന്തുണയും നല്‍കും. രാജ്യത്ത് ഇപ്പോഴുള്ള ഏറ്റവും വലിയ മതേതര പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. ലീഗ് അവരുടെകൂടെത്തന്നെ നില്‍ക്കും.’ അദ്ദേഹം പറയുന്നു.
വിഷയാധിഷ്ടിതമായി ലീഗിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാ മുസ്ലിം സംഘടനകളെന്നും രാഷ്ട്രീയമായ ലാഭേച്ഛ ഇക്കാര്യത്തില്‍ ലീഗിനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി തങ്ങളെ ഉന്നതാധികാര സമിതി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. മുസ്ലിം ലീഗ് എന്ന മഹാപ്രസ്ഥാനത്തെ നയിക്കാൻ മുൻഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലമെന്ന് തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.