ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയമാണ് നേടിയത്. 403 മണ്ഡലങ്ങളിൽ 255 സീറ്റുകൾ സ്വന്തമാക്കി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ വീണ്ടും ബി.ജെ.പി അധികാരം പിടിച്ചെടുത്തു. 2017 ലെ തെരഞ്ഞെടുപ്പ് താരതമ്യം ചെയ്താൽ 53 സീറ്റുകൾ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നഷ്ടമായിട്ടുണ്ട്.
2022 തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയെങ്കിലും ആ വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തോല്‍വി.
സിരാത്തൂവിൽ മത്സരിച്ച മൗര്യയെ 7,337 വോട്ടിന് തോൽപ്പിച്ച് സമാജ് വാദി പാർട്ടിയുടെ പല്ലവി പട്ടേൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് നൽകിയത്. പല്ലവി 1,05,599 വോട്ടുകൾ നേടിയപ്പോൾ മൗരയ്ക്ക് നേടാനായത് 98,727 വോട്ടുകൾ മാത്രമാണ്.
2012 ലെ തിരഞ്ഞെടുപ്പില്‍ മൗര്യ ഈ സീറ്റ് നേടിയപ്പോള്‍, 2014 ല്‍ ഫുല്‍പൂരില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം ഈ സീറ്റ് ഒഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ എസ് പി ഈ സീറ്റ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തെങ്കിലും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും വിജയിക്കുകയായിരുന്നു.
അപ്‌നാദളിന്റെ ദേശീയ വൈസ് പ്രസിഡണ്ടും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ സഹോദരിയാണ് പല്ലവി. വർഷങ്ങൾക്ക് മുമ്പ് അപ്‌നാദൾ രണ്ട് വിഭാഗമായി പിരിയുകയും ഒരു വിഭാഗം ബി.ജെ.പിക്ക് പിന്തുണ നൽകുകയും മറ്റൊരു വിഭാഗം എസ്.പിക്ക് പിന്തുണ നൽകുകയുമായിരുന്നു. അപ്നാ ദള്‍ ( കെ ) അവരുടെ അമ്മ കൃഷ്ണ പട്ടേലിന്റെ നേതൃത്വത്തിലാണെങ്കില്‍, ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന്റെ ( സോനേലാല്‍ ) അനുപ്രിയ പട്ടേലാണ് നേതൃത്വം നല്‍കുന്നത്.
എസ്.പിയുടെ ചിഹ്നത്തിൽ ബി.ജെ.പിക്കെതിരെ പട്ടേൽ സമുദായത്തിൽപ്പെട്ട ഒരാൾക്ക് പെട്ടെന്ന് ജയിച്ച് കയറാൻ സാധിക്കില്ലെന്ന് നിഗമനങ്ങളെല്ലാം തിരുത്തിയാണ് പല്ലവിയുടെ വിജയം.