കൊല്‍ക്കത്ത: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പുതിയ സഖ്യ സാധ്യതകള്‍ക്ക് സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കെതിരെ പോരാടാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. കോണ്‍ഗ്രസിന് വേണമെങ്കില്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാഗമാകാമെന്നും മമത പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണവും തൂത്തുവാരിയ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം.
ബിജെപിക്കെതിരെ എങ്ങനെ പോരാടാമെന്നും പരാജയപ്പെടുത്തണമെന്നും തൃണമൂല്‍ കാണിച്ചുതന്നുവെന്നും കോണ്‍ഗ്രസ് ടിഎംസിയില്‍ ലയിക്കുകയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പോരാടുകയും ചെയ്യേണ്ട സമയമാണിതെന്നും മുതിര്‍ന്ന ടിഎംസി നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞിരുന്നു.