തിരുവനന്തപുരം; കെഎസ്ആർടിസി – സിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ആദ്യ ദിവസം 103 പേരുടെ കരാർ ഒപ്പിടലും സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായി .യോഗ്യതാ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ 250 പേരെ കരാർ ഒപ്പിടുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിൽ നിന്നുള്ള ആദ്യ 125 പേരെയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിരുന്നത്. അതിൽ 103 പേരാണ് കരാർ ഒപ്പിട്ടത് . അടുത്ത 125 പേരുടെ കരാർ ഒപ്പിടൽ ശനിയാഴ്ച നടക്കും. കരാർ ഒപ്പിട്ടവർക്കുള്ള പരിശീലന പരിപാടികൾ ഉടൻ നടത്തുമെന്ന് കെഎസ്ആർടിസി സിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.
കൂടാതെ ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നതിന് വേണ്ടി കെഎസ്ആർടിസി- സിഫ്റ്റിന് വേണ്ടി വാങ്ങുന്ന BS 6 ശ്രേണിയിലെ എയർ സസ്പെൻഷനോട് കൂടിയ 72 നോൺ എ.സി ഡീലക്സ് ബസുകളിൽ 15 ബസുകൾ ആനയറയിലെ കെഎസ്ആർടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തി. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. അശോക് ലൈലാന്റ് ഷാസിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സൗകര്യ പ്രദമായ റിക്ലൈനിംഗ് സീറ്റുകളോട് കൂടിയ ഈ ബസിൽ 41 യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ഗ്ലോബൽ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിർമ്മാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമ്മിച്ചിരിക്കുന്നത്. 11.19 മീറ്റർ നീളവും, 197 HP പവറും, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകത.
ബാംഗ്ലൂർ ആസ്ഥാനമായുള്ള വി.ഇ കോമേഴ്സ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് ( വോൾവോ) എന്ന വാഹന നിർമ്മാതാവ് BS6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസുകളിൽ മൂന്ന് ബസുകൾ കൂടെ വെള്ളിയാഴ്ച രാത്രി തലസ്ഥാനത്ത് എത്തും, ഇതിന്റെ ആദ്യ ബസ് കഴിഞ്ഞ 3 തീയതി എത്തിയിരുന്നു. ഇതോടെ ഈ ശ്രേണിയിലെ 4 ബസുകളാണ് എത്തുന്നത്.
സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളാണ് കെഎസ്ആർടിസി സിഫ്റ്റിലേക്ക് എത്തുന്നത്.