കൊട്ടിയം: ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിൽ വൻകുറവുണ്ടായതായി ആക്ഷേപം. നിലവിലുള്ള നിയമപ്രകാരം പ്രാഥമിക വിജ്ഞാപന തീയതിമുതൽ നഷ്ടപരിഹാര അവാർഡ് പാസാക്കുന്ന തീയതിവരെ 12 ശതമാനം വർധിപ്പിച്ച തുകക്ക് ഭൂവുടമകൾക്ക് അർഹതയുള്ളതാണ്.
എന്നാൽ, പ്രാഥമിക വിജ്ഞാപന തീയതി മുതൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ആൻഡ് കോമ്പീറ്റൻറ് അതോറിറ്റി വിശദ വിലവിവര സ്റ്റേറ്റ്മെന്റ് അംഗീകരിച്ച തീയതിവരെയാണ് ഇപ്പോൾ ഈ വർധന അനുവദിച്ചിട്ടുള്ളത്. ഇതുമൂലം പലർക്കും അടിസ്ഥാന ഭൂമി വിലയുടെ 200 മുതൽ 300 ദിവസം വരെയുള്ള വർധിപ്പിച്ച തുകയാണ് നഷ്ടപ്പെടുന്നത്.
ഏറ്റെടുക്കുന്ന ഭൂമിക്കും അതിലുൾപ്പെട്ട കെട്ടിടം ഉൾപ്പെടെയുള്ള നിർമിതികൾക്കും വൃക്ഷ-വിളകൾക്കും എത്ര വില വീതം നിശ്ചയിച്ചിട്ടുണ്ടെന്നും അവാർഡ് പാസാക്കി നൽകുന്ന ഉത്തരവുകൾ ലഭിക്കുമ്പോൾ മാത്രമാണ് ഭൂവുടമകൾക്ക് അറിയാൻ സാധിക്കുന്നത്. അനുവദിച്ച നഷ്ടപരിഹാരത്തിന്മേൽ ആക്ഷേപം ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്. നഷ്ടപരിഹാരം നൽകിക്കഴിഞ്ഞാലുടൻ തന്നെ അതിലുൾപ്പെട്ട കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കുമെന്നതിനാൽ പിന്നീടുള്ള ആർബിട്രേഷനിലും കോടതി വ്യവഹാരങ്ങളിലും ഏറ്റെടുത്ത യഥാർഥ കെട്ടിടഭാഗങ്ങളെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങൾക്ക് സാധുത നൽകുന്ന തെളിവുകൾതന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇക്കാരണത്താൽ കെട്ടിടത്തിന്റെ ഏറ്റെടുത്ത തറ വിസ്തീർണം ഉദ്യോഗസ്ഥർ നിശ്ചയിച്ച കണക്കിൽപെട്ടതിനെക്കാൾ കൂടുതലാണെന്ന് തെളിയിക്കുന്നതിന് ഭൂവുടമകൾക്ക് കഴിയാതെയും വരും.