അങ്കമാലി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍ ബിനോയി ഡിക്രൂസ് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പാറക്കടവ് കോടുശ്ശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് കറുകുറ്റിയിലെ സ്വന്തംവീട്ടിലേക്ക് പോന്നതെന്ന് കലൂരിലെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്‌സിയുടെ വെളിപ്പെടുത്തൽ. അടുക്കളയില്‍ നിന്നിരുന്ന തന്റെ അടുത്തേക്ക് ജോണ്‍ ബിനോയി ഡിക്രൂസ് വാതില്‍ ചവിട്ടിത്തുറന്ന് കടന്നുവരികയായിരുന്നു. ഭര്‍ത്താവ് സജീവ് വീട്ടിലുള്ള സമയത്തായിരുന്നു ആക്രമണം നടന്നതെന്നും അവർ പറയുന്നു. ഭര്‍ത്താവിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും അറിഞ്ഞില്ലെന്നും ഉറങ്ങുകയായിരുന്നെന്നുമാണ് പറഞ്ഞത്. ബഹളംകേട്ട് അയല്‍ക്കാര്‍ വന്നിരുന്നു.
ഈ സംഭവത്തോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പോന്നതെന്ന് ഡിക്‌സി പറയുന്നു. കുട്ടികളെ കൂട്ടാതെയാണ് പോന്നത്. കുട്ടികളെ തരില്ലെന്ന് പറഞ്ഞു. അങ്കമാലി പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കുട്ടികളെ ഒടുവിൽ തിരികെ കിട്ടിയത്. ഈ സംഭവത്തിനുശേഷം കുറച്ചുനാള്‍ ഭര്‍ത്താവുമൊത്ത് വാടകയ്ക്ക് താമസിച്ചു. രണ്ടുമാസമാണ് വാടകയ്ക്ക് താമസിച്ചത്. കറുകുറ്റിയിലെ അമ്മ മേഴ്‌സിയാണ് വാടക നല്‍കിയിരുന്നത്. സജീവ് എടുത്ത രണ്ട് വായ്പകളുടെ ഗഡുക്കളും മേഴ്സിയാണ് നല്‍കിയിരുന്നത്. വിദേശത്ത് പോകുന്നതിന് തടസ്സമായേക്കുമെന്ന് കരുതിയാണ് വിവാഹമോചനത്തിന് കേസ് കൊടുക്കാതിരുന്നത്.ഒടുവിൽ ഡിസംബറിലാണ് ഡിക്‌സി വിദേശത്ത് ജോലിക്കുപോയത്.