കിയവ്: യുക്രെയ്ൻ സൈന്യം പ്രതിരോധിച്ചു നിൽക്കുന്ന തലസ്ഥാന നഗരിയായ കിയവ് പിടിക്കാൻ റഷ്യ നഗരത്തെ വളഞ്ഞ് സൈനികവിന്യാസം നടത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ. 64 കിലോമീറ്റർ നീണ്ട റഷ്യൻ സൈനികവ്യൂഹം പലവഴിക്ക് പിരിഞ്ഞ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് സാറ്റലൈറ്റ് ഇമേജിങ് സ്ഥാപനമായ മാക്സാർ പുറത്തുവിട്ട ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കിയവ് നഗരത്തിന് അഞ്ച് കിലോമീറ്റർ അകലെ വരെ റഷ്യ സേനാവിന്യാസം നടത്തിക്കഴിഞ്ഞു. അതിനിടെ, റഷ്യൻ സൈന്യം വളഞ്ഞ മരിയുപോൾ നഗരത്തിൽ സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഓരോ 30 മിനിട്ടിലും റഷ്യൻ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തുകയാണെന്ന് മേയർ വാദിം ബോയ്ഷെങ്കോ പറഞ്ഞു. നാല് ലക്ഷത്തോളം ജനങ്ങൾ പുറത്തുകടക്കാനാകാതെ യുദ്ധകലുഷിത നഗരത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യ നിയന്ത്രണത്തിലാക്കിയ ചെർണോബിൽ ആണവനിലയവുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും തങ്ങൾക്ക് നഷ്ടമായതായി യുക്രെയ്ൻ ഐക്യരാഷ്ട്രസഭയുടെ ന്യൂക്ലിയർ വാച്ച്ഡോഗായ ഐ.എ.ഇ.എയെ അറിയിച്ചു. നിലയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ ആണവ ഇന്ധനം തണുപ്പിക്കാനുള്ള കൂളൻറുകൾ പ്രവർത്തനരഹിതമാണെന്നും ആണവ പദാർഥങ്ങൾ പുറത്തെത്താനുള്ള സാധ്യതയുണ്ടെന്നും യുക്രെയ്ൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.