ഛണ്ഡിഗഡ്: രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജനപ്രിയ ഹാസ്യതാരമായിരുന്ന ഭഗവന്ത് മാന്‍ ഇനി എഎപി മുഖ്യമന്ത്രി. പഴയ കോളജ് തല പരിപാടികളിലും യുവാക്കളുടെ കോമഡി മത്സരങ്ങളിലുമെല്ലാം തമാശ പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്ന മിന്നും താരമായിരുന്നു അദ്ദേഹം.
ടിവി പരിപാടികളിലൂടെ കൂടുതല്‍ പ്രശസ്തനായ ഭഗവന്ത് മാനിന്റെ കൈമുതല്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളായിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവും ഭഗവന്ത് മനും ഒന്നിച്ചുള്ള പഴയ ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്‍ മത്സരാര്‍ഥിയായി എത്തിയ 2006-ലെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ഹാസ്യപരിപാടിയുടെ വീഡിയോയാണിത്.
സിദ്ദു ജഡ്ജായെത്തിയ പരിപാടിയില്‍ രാഷ്ട്രീയത്തെക്കുറിച്ചും സര്‍ക്കാറിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ഭഗവന്ത് മന്റെ അന്നത്തെ പ്രകടനം. ഇത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ചര്‍ച്ചാവിഷയമാവുകയാണ്.
‘രാഷ്ട്രീയം എന്താണെന്ന് ഞാന്‍ ഒരു രാഷ്ട്രീയക്കാരനോട് ചോദിച്ചു. എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അടുത്തതായി എന്താണ് സര്‍ക്കാരിന്റെ അര്‍ഥമെന്ന് ഞാന്‍ ചോദിച്ചു. ഓരോ പ്രശ്‌നവും സൂക്ഷ്മമായി നിരീക്ഷിച്ച് ഒരുമിനിറ്റിന് ശേഷം അതുമറക്കുന്നവരാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു’, ഭഗവന്ത് മന്റെ ഈ തമാശകള്‍ കേട്ട് പരിപാടിയുടെ ജഡ്ജായെത്തിയ സിദ്ദു പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
യൂത്ത് കോമഡി ഫെസ്റ്റിവലുകളിലും ഇന്റര്‍ കോളജ് മത്സരങ്ങളിലും മാന്‍ വളരെ സജീവമായിരുന്നു. സുനമിലെ ഷഹീദ് ഉധം സിംഗ് ഗവണ്‍മെന്റ് കോളേജിനായി പട്യാലയിലെ പഞ്ചാബി യൂണിവേഴ്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ രണ്ട് സ്വര്‍ണ മെഡലുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു. അവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബിക്ക് വേണ്ടി ജുഗ്‌നു കെഹന്ദാ ഹേ എന്ന ടെലിവിഷന്‍ പ്രോഗ്രാം അവതരിപ്പിച്ചത്.
2006ല്‍ മാന്നും ജഗ്ഗിയും നോ ലൈഫ് വിത്ത് വൈഫ് എന്ന ഷോയിലൂടെ കാനഡയിലും ഇംഗ്ലണ്ടിലും പര്യടനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2008ല്‍, സ്റ്റാര്‍ പ്ലസിലെ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ചില്‍ മത്സരിച്ചതോടെയാണ് മന്നിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ബല്‍വന്ത് ദുല്ലത്ത് സംവിധാനം ചെയ്ത ‘മെയിന്‍ മാ പഞ്ചാബ് ഡീ’ എന്ന ചിത്രത്തിലും ഭഗവന്ത് മന്ന് അഭിനയിച്ചിട്ടുണ്ട്.