കണ്ണൂര്‍: കോണ്‍ഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അതിലേക്ക് എത്താന്‍ കേരളത്തില്‍ ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം ഉണ്ടാക്കുമ്പോള്‍ കേരളത്തില്‍ സിപിഎം മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. കോണ്‍ഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുര്‍ദിനമാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുയെന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നത്. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്‌തോ എന്ന കാര്യത്തില്‍ സംശയമാണ്. വര്‍ഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേല്‍ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ പ്രതികരിച്ചു.
അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യുപി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. ദാരിദ്ര നിര്‍മാര്‍ജനത്തില്‍ വളരെ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നത് കൂടി നാം ഇവിടെ കൂട്ടിവായിക്കണം.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ പിണറായി വിജയന്‍ നടപ്പാക്കിയത് പോലെ സൗജന്യ ഭക്ഷ്യധാന്യവും മറ്റു വാക്ദാനപ്പെരുമഴയും നടത്തി ജനങ്ങളെ കബളിപ്പിച്ച് ജനവിധിയെ സ്വാധീനിക്കുകയാണ് ബിജെപി ചെയ്തത്. വര്‍ഗീയ ശക്തികളെയും തല്‍പ്പരരാഷ്ട്രീയ കക്ഷികളെയും അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ മതനിരപേക്ഷ ശക്തികളുടെ ഐക്യം ഉയര്‍ന്നുവരണം.
പഞ്ചാബിലെ ജനവിധിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പഠിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. വീഴ്ചകളില്‍ തീരുത്തലുകള്‍ വരുത്തി ശക്തമായ തിരിച്ചുവരവ് നടത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ജനാധിപത്യത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികം. ജനവിധിയെ മാനിക്കൂന്നൂവെന്നും സുധാകരന്‍ പറഞ്ഞു.