കൊച്ചി: 14കാരിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ മൂന്നുവർഷം കഠിനതടവിനും 25000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. എറണാകുളം പച്ചാളം സ്വദേശി ഉദയം റോഡിൽ നെൽക്കുന്നശ്ശേരി വീട്ടിൽ ജോസഫിനെയാണ് (60) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2019 മാർച്ച് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി നടത്തിയിരുന്ന സ്റ്റുഡിയോയിൽ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായി എത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
എറണാകുളം ടൗൺ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ രാജൻബാബുവാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു , അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.