ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു. തോൽവിയിൽനിന്നും പാഠം ഉൾക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. വിജയം നേടിയവര്‍ക്ക് ആശംസകള്‍. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും എന്റെ നന്ദി. ഇതില്‍നിന്ന് ഞങ്ങള്‍ പഠിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും.”- രാഹുല്‍ ട്വീറ്റ് ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നാലിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബില്‍ എഎപി അട്ടിമറി വിജയത്തിലൂടെ ഭരണത്തിലേറി. ആകെയുള്ള 117 സീറ്റുകളില്‍ 92 ഇടത്താണ് എഎപിയുടെ വിജയം. ഇതോടെ, ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ഭരണം പിടിക്കാനും അവര്‍ക്കായി.
ഭരണകക്ഷിയായ കോണ്‍ഗ്രസ് വെറും 19 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇത്തവണ നഷ്ടമായത് 59 സീറ്റുകളാണ്. അവരുടെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം തോറ്റു. രണ്ടു സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. അമൃത്സര്‍ ഈസ്റ്റില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും തോറ്റു.