കീവ്: യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പുമായി റഷ്യ. ആണവയുദ്ധമുണ്ടാകുമെന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന്‍ റഷ്യ അറിയിച്ചു.
റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അല്‍പ സമയത്തിന് മുന്‍പ് യുക്രൈനിലെ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി സംസാരിച്ചിരുന്നു. നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിച്ചിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 17 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് യുക്രൈന്റെ വാദം.
റഷ്യയുടെ ആക്രമണത്തിന്റെ വിഡിയോ യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി പങ്കുവച്ചിരുന്നു. നിരവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.