ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് പഞ്ചാബിൽ (Punjab) ഭരണപക്ഷമായ കോൺഗ്രസ് (Congress) ഏറ്റുവാങ്ങുന്നത്. ബിജെപിക്കും മുകളിൽ കുറഞ്ഞ വർഷങ്ങളുടെ മാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള ആംആദ്മി പാർട്ടി ജയിച്ച് കയറുകയും കോൺഗ്രസ് ഏറ്റവും പിന്നിലേക്ക് തഴയപ്പെടുകയും ചെയ്യുമ്പോൾ എല്ലാവശങ്ങളിൽ നിന്നും വിരൽ ചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്. അത് പഞ്ചാബിന്റെ അടിവേരിളക്കിയെന്ന് അണികളും നേതാക്കളും രഹസ്യമായും പരസ്യമായും മുറുമുറുക്കുന്ന നവ്ജോത് സിംഗ് സിദ്ദുവിലേക്ക് (Navjot Singh Sidhu) തന്നെയാണ്.
സിദ്ദുവിനെ അധ്യക്ഷനാക്കിയതിൽ പാർട്ടി ഖേദിക്കുമെന്ന് പറഞ്ഞാണ് അമരീന്ദർ സിംഗ് പടിയിറങ്ങിയത്. അമരീന്ദർ സിംഗിന്റെ വാക്കുകൾ വെറുതെയായില്ലെന്ന് വേണം വിലയിരുത്താൻ. ദേശീയ നേതൃത്വവുമായി അടുപ്പം പുലർത്തിയിരുന്ന അമരീന്ദർ സിംഗിനെ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ സിദ്ദുവിന്റെ കസേര മോഹമായിരുന്നു.
എന്നാൽ മുഖ്യമന്ത്രി പദം സിദ്ദുവിന് നൽകാൻ നേതൃത്വം തയ്യാറായില്ല. പകരം സംസ്ഥാന നേതൃത്വം സിദ്ദുവിനെ ഏൽപ്പിച്ചു. ക്യാപ്റ്റനെ വെട്ടി സിദ്ദുവിനെ അവരോദിച്ചതോടെ പാർട്ടിയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. നവ്‌ജോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കുന്നതിനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് എംപിമാർക്കിടയിൽ തന്നെ എതിർപ്പുകളുണ്ടായിരുന്നു. സംഘടനയിൽ പിടിപാടില്ലെന്നായിരുന്നു സിദ്ദുവിനെതിരെ ഉയന്ന പ്രധാന ആരോപണം. അകാലിദളിനും ബിജെപിക്കും പഞ്ചാബിൽ ഇടംകൊടുക്കാതെ വൻമതിലായി നിന്ന അമരീന്ദർ ഇതോടെ പാർട്ടി വിടുകയും പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിയിൽ ചേരുകയും ചെയ്തതും കോൺഗ്രസിന് തിരിച്ചടിയായി.