ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ (Expo 2020 Dubai) പവലിയനുകളുടെ പ്രവർത്തന സമയം രാത്രി 11 മണി വരെ നീട്ടി. സന്ദർശകർക്ക് ഇനി മുതൽ ഒരു മണിക്കൂർ കൂടുതൽ എക്‌സ്‌പോയിൽ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
അതേസമയം ഫെബ്രുവരി 28 വരെ മെഗാ ഇവന്റിൽ ഏകദേശം 16 ദശലക്ഷം സന്ദർശകർ എത്തിയെന്ന് സംഘാടകർ ചൊവ്വാഴ്ച അറിയിച്ചു. എക്‌സ്‌പോ 2020 അവസാനിക്കാൻ 30 ദിവസം മാത്രം ശേഷിക്കെ ആവർത്തിച്ചുള്ള സന്ദർശനങ്ങളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ സന്ദർശനങ്ങളിൽ പകുതിയും ആവർത്തിച്ചുള്ളവയായിരുന്നു. കഴിഞ്ഞ മാസം 44 ലക്ഷം സന്ദർശനങ്ങളാണ് എകസ്‌പോയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എക്‌സ്‌പോ 2020 ആരംഭിച്ച ഒക്ടോബർ ഒന്നുമുതലുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. എക്‌സ്‌പോ 2020 സന്ദർശകർക്കായി അവതരിപ്പിച്ച പ്രത്യേക മഞ്ഞ പാസ്‌പോർട്ടിൽ എക്‌സ്‌പോ അവസാനിക്കുന്നതിന് മുമ്പ് പരമാവധി പവലിയനുകളുടെ പേര് പതിക്കാനുള്ള ശ്രമമാണ് ആവർത്തിച്ചുള്ള സന്ദർശനങ്ങളുടെ ഒരു കാരണം.