കൊല്ലം:സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ ‘പാർട്ടി ഡ്രഗ്’ (Party Drug) ആയ എംഡിഎംഎയുമായി (MDMA) പിടികൂടി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് (Kollam Exise) കമ്മിഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘമാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കുമായി നഷീബ് എന്ന സിനിമ സീരിയൽ ജൂനിയർ ആർടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്
ഇയാൾ സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ഇയാൾ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് എക്സൈസ് പറയുന്നത്. എറണാകുളത്തുള്ള ലഹരി മാഫിയകളിൽ നിന്നാണു വാങ്ങി കൊല്ലത്തുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വിൽപ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്സൈസിനോട് സമ്മതിച്ചു.
കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് അറിയിച്ചു. ഷാഡോ ടീം അംഗങ്ങൾ ആയ പ്രിവന്റീവ് ഓഫിസർ എം.മനോജ് ലാൽ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്ത്, നിഥിൻ, ജൂലിയൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ശാലിനി എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.