കാസര്‍കോട്: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്. കര്‍ണാടക ബണ്ട്വാൾ വിജയഡുക്കയിലെ അദ്ധ്യാപകനായ അബ്ദുള്‍ മജീദ് ലത്തീഫിനെയാണ് കോടതി ശിക്ഷിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. കാസർകോട് പുത്തൂർ അർജ്ജാലിൽ താമസിക്കുന്ന 7 വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ മദ്രസാദ്യാപകന് പലതവണ പീഡിപ്പിക്കുകയായിരുന്നു.
അബ്ദുള്‍ മജീദിനെതിരെ പരാതി ലഭിച്ചതോടെ കാസര്‍കോട് ടൗണ്‍ പൊലീസ് ഇയാള്‍ക്കെതിരെ അന്വേഷിച്ച് തെളിവുകളോടെ അറസ്റ്റ് ചെയ്തു. കേസിലാകെ 15 സാക്ഷികളും 14 തെളിവുകളുമാണുണ്ടായിരുന്നത്. പ്രധാന സാക്ഷികള്‍ കൂറുമാറിയെങ്കിലും തെളിവുകളുടെ ബലത്തിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്.രക്ഷകര്ത്താവിനോളം പ്രാധാന്യമുളളയാള് പീഡിപ്പിച്ചു എന്നതാണ് കോടതി പരിഗണിച്ചത്.
പോക്സോ നിയമത്തില്‍ അഞ്ച് എഫ്, അഞ്ച് എല്‍,അഞ്ച് എം എന്നീ വകുപ്പുകള്‍ പ്രകാരം 15 വര്‍ഷം വീതം ആകെ 45 വര്‍ഷത്തേക്കാണ് ശിക്ഷവിധിച്ചത്. തടവിന് പുറമെ ,3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവനുഭവിക്കണം. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്.