കീവ്: യുക്രൈനിനെ ലക്ഷ്യം വെച്ച് മുന്നേറുന്ന റഷ്യൻ സൈനികരെ കാത്തിരിക്കുന്നത് തണുത്തുറഞ്ഞ മരണമെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാൻ റഷ്യന്‍ സൈനികര്‍ക്ക് സാധിക്കാതെ തണുത്തുറഞ്ഞ് മരണം സംഭവിച്ചേക്കാം എന്ന് ബാൾട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗ്ലെൻ ഗ്രാന്റ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
യുക്രൈനിലെ തണുപ്പ് വരും ദിവസങ്ങളിൽ അസഹ്യമാകും. റഷ്യൻ സൈന്യത്തിന്റെ വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികർക്ക് മരണം സംഭവിക്കുകയും ചെയ്യുമെന്ന് ഗ്ലെൻ ഗ്രാന്റ് പറയുന്നു.
എന്നാൽ അത്തരത്തിൽ ഒരു അപകടത്തിന് റഷ്യൻ സൈനികർ കാത്തിരിക്കില്ലെന്നും അവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാടുകളിൽ കൂടി നടന്ന് മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യക്കാരുടെ ടാങ്കുകളിൽ മെർക്കുറികുറയുന്നതോടെ “40 ടൺ ഫ്രീസറുകൾ’ മാത്രമായി മാറുമെന്ന് മുൻ ബ്രിട്ടീഷ് ആർമി മേജർ കെവിൻ പ്രൈസ് ദി ഡെയ്ലി മെയിലിനോട് പറഞ്ഞു. കയ്പേറിയ സാഹചര്യങ്ങളോട് പൊരുതേണ്ട ആർട്ടിക് ശൈലിയിലുള്ള യുദ്ധത്തിന് തയാറാകാത്ത സൈനികരുടെ മനോവീര്യം ഇതോടെ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഈ റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് 19 മൈൽ ദൂരത്താണുള്ളതെന്ന് ഇൻഡിപെൻന്റൻഡ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുക്രൈനിന്റെ പല ഭാഗങ്ങളിലും മൈനസ് 10 ഡിഗ്രി സെൽഷ്യസിന് താഴെയാണ് താപനില. ഇത് വരും ദിവസങ്ങളിൽ മൈനസ് 20 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് വിലയിരുത്തുന്നത്.