കൊച്ചി: തന്റെ പിഞ്ചുകുഞ്ഞിനെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കൊന്നതാണെന്ന് അമ്മ ഡിക്സി. കുട്ടിയെ കാണിക്കില്ലെന്നു ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും പറഞ്ഞിരുന്നു. താന്‍ വരുന്നതിന്‍റെ തലേദിവസം കൊന്നത് അതിനാലാണന്നും ഡിക്സി പറഞ്ഞു.
രണ്ട് മക്കളെയും മര്യാദയ്ക്കു നോക്കാത്തതുകൊണ്ടു താൻ ഭർത്താവിനു കാശ് അയച്ചു കൊടുക്കുന്നത് നിർത്തി. ഇതിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും തന്നോടു ദേഷ്യത്തിലായിരുന്നുവെന്നും ഡിക്സി പറഞ്ഞു.
ഭർതൃമാതാവ് പെൺകുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നു. കുട്ടിയെ കാണിക്കില്ലെന്ന് ഭർതൃമാതാവും ഭർത്താവും പറഞ്ഞിരുന്നു. കുട്ടികളുമായി അമ്മായിയമ്മ ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ട്. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയം. ഇത് ചോദ്യംചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലെന്ന് ഡിക്സി പറഞ്ഞു.
കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ബിനോയിയുടെ അമ്മയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശ്ശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതി ജോൺ ബിനോയി ഡിക്രൂസ് തന്‍റെ വളർത്തുമകനെന്ന് അമ്മ ഇംതിയാസ് വെളിപ്പെടുത്തി. സ്ഥിരം ശല്യക്കാരനായതിനാൽ വീട്ടിൽ വരരുതെന്ന് വിലക്കിയിരുന്നു. ഇതിനിടെ നോറയുടെ സംസ്കാരത്തിന് പിന്നാലെ പിതാവ് സജീവിനെ നാട്ടുകാർ മർദിച്ചു. ഇയാൾ സംരക്ഷിക്കാതിരുന്നതിനാലാണ് കുട്ടികളെ മുത്തശിക്കൊപ്പം വിട്ടതെന്ന് നോറയുടെ അമ്മ ഡിക്സി പറഞ്ഞു.
കുഞ്ഞുങ്ങളെ പിതാവ് സജീവും മുത്തശിയും പീഡിപ്പിക്കുന്നതിനെപ്പറ്റി ശിശുക്ഷേമ സമിതിയ്ക്ക് പരാതി നൽകിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. അമ്മ ഡിക്സി ഗൾഫിൽ നിന്ന് മടങ്ങിവന്ന ശേഷം പരിഗണിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് ശിശുക്ഷേമ സമിതി വിശദീകരണം.
അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകള്‍ നോറ മറിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സജീഷിന്റെ അമ്മ സിക്സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്.
കുട്ടിയുടെ അമ്മൂമ്മ സിക്സിയും സുഹൃത്തും ദമ്പതികളെന്ന് പറഞ്ഞാണ് മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കൊപ്പം, രണ്ട് കുട്ടികളുണ്ടായിരുന്നതായും, അപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.