ലക്‌നൗ: വാരണാസിയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ കടത്താന്‍ ശ്രമിച്ചുവെന്ന അഖിലേഷ് യാദവിന്റെ പരാതിയില്‍ നടപടിയെടുത്ത് ഇലക്ഷന്‍ കമ്മീഷന്‍. വാരണാസി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.കെ സിംഗിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെൻഡ് ചെയ്തു.
ഇവിഎം ചുമതല വഹിച്ചിരുന്ന സിങ്ങിനെ നോഡൽ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും എല്ലാ തിരഞ്ഞെടുപ്പ് ജോലികളിൽ നിന്നും പിരിച്ചുവിടാൻ ഇസി ഉത്തരവിടുകയും ചെയ്തതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാരണാസി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ ഇവിഎം മെഷീനുകള്‍ എഡിഎം എന്‍.കെ സിംഗ് കടത്താന്‍ ശ്രമിച്ചെന്നും ഇത് പിടിച്ചെടുത്തെന്നും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇത്തരത്തില്‍ ഇവിഎം കടത്തുന്നത് മോഷണമാണെന്നും നമ്മുടെ വോട്ടുകള്‍ സംരക്ഷിക്കപ്പെടണമെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
ഇവിഎമ്മുകള്‍ ട്രക്കില്‍ കൊണ്ടുപോകുന്ന വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഇവിഎമ്മുകള്‍ കടത്തിയിട്ടില്ലെന്നും പരിശീലനത്തിനായി എത്തിച്ചതാണ് ഇവയെന്നും വാരണാസി എഡിഎം പ്രതികരിച്ചു.