കൊച്ചി: ശബരിമലയില്‍ മീനമാസ പൂജയ്ക്കും ഉത്സവത്തിനും ദിനംപ്രതി എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തിവിടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിലവില്‍ പ്രതിദിനം 15,000 ഭക്തര്‍ക്കു പ്രവേശനം എന്ന വ്യവസ്ഥയാണ് മാറ്റുന്നത്.
കോവിഡ് വ്യാപനത്തില്‍ കുറവുവന്ന സാഹചര്യത്തില്‍ ഭക്തരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എടുത്തതായി സര്‍ക്കാര്‍ വിശദീകരിച്ചത്.
ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. മീനമാസ പൂജയ്ക്കായി 19 വരെയാണ് നട തുറന്നിരിക്കുന്നത്.