കീവ്: സുമിയില്‍ നിന്ന് ലിവിലിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ മാര്‍ഗം പോളണ്ടിലേക്ക് തിരിച്ചു. വിദ്യാര്‍ത്ഥികള്‍ നാളെ ഡല്‍ഹിയിലെത്തും. സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്‍ട്ടാവയില്‍ നിന്നാണ് ലിവിവിലെത്തിച്ചേര്‍ന്നത്.
വിദ്യാര്‍ത്ഥികളെ പോളണ്ട് അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. സുമിയില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് പോള്‍ട്ടോവയിലെത്തിച്ചത്. പോള്‍ട്ടോവയില്‍ നിന്ന് ഈ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ മാര്‍ഗം പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഇന്നലെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള വിമാനങ്ങള്‍ സജ്ജമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എംബസി രംഗത്തെത്തി. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കണം. സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.