തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതകത്തിൽ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കേസിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും നിർണായക രേഖകൾ കുറ്റപത്രത്തിനൊപ്പമില്ലെന്ന് കണ്ടെത്തൽ.
പ്രതികൾ തെളിവുകൾ നശിപ്പിച്ചത്തിന്റയും ഗുണ്ടാ സംഘം എത്തിയ വാഹനങ്ങളുടെ വിവരങ്ങളുമില്ലെന്നും കണ്ടെത്തി. കുറ്റപത്രം പരിശോധിച്ച കോടതി ജീവനക്കാരാണ് വീഴ്ച കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലുള്ള കുറ്റപത്രം തള്ളാനാണ് സാധ്യത.
പോത്തൻകോട് സുധീഷ് വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
2021 ഡിസംബർ 11നാണ് പോത്തൻകോട് കല്ലൂരിൽ സുധീഷ് എന്ന യുവാവിനെ ഒരു സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമിക്കാൻ വന്ന സംഘത്തെ കണ്ട് വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ പിന്തുടർന്നെത്തിയ സംഘം അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സുധീഷിന്റെ കാലും വെട്ടിമാറ്റിയ ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാൽ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ച് വാഹനങ്ങളിൽ രക്ഷപ്പെടുന്നതിന്റെ സിസടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കൊലപാതകത്തിന് പിന്നിൽ ഒട്ടകം രാജേഷടക്കമുള്ളവരാണെന്ന് പൊലീസിന് പ്രാഥമിക ഘട്ടത്തിൽ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാൽ സംഭവത്തിന് ശേഷം ഒളിവിൽ പോയ ഒട്ടകം രാജേഷിനെ ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേസിലെ 11 പ്രതികളെയും പൊലീസ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പൊലീസുകാരന് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.