തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിക്കാനിടയായ തീപിടിത്തം ഉണ്ടായത് കാര്‍ പോര്‍ച്ചിൽനിന്ന്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുണ്ടായ തീപ്പൊരിയാണ് ഒരു കുടുംബത്തിന്റെ മുഴുവൻ ജീവനെടുത്തതെന്ന് പോലീസ് പറയുന്നു. അപകടം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് തീപടർന്നതിന്റെ കാരണം വ്യക്തമായത്.
തീപ്പൊരി കാർപോർച്ചിലെ ബൈക്കിൽ വീണ് തീ പടരുകയായിരുന്നു. തുടർന്ന് പൊട്ടിത്തെറിയുണ്ടായി വീടിന്റെ ജനൽ വഴി വീടിനുളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
പൊള്ളല്ലേറ്റതല്ല മരണ കാരണമെന്ന് ഫയർഫോഴസ് വ്യക്തമാക്കിയിരുന്നു. പുക ശ്വസിച്ചുള്ള മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കിയിരുന്നു.
വർക്കലയിലുണ്ടായ വീടിന് തീപിടുത്തത്തിൽ ഒരു കുടുംബത്തില അഞ്ച് പേരാണ് മരിച്ചത്. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പുത്തൻചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആർപിഎൻ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂർ അയന്തി പന്തുവിള രാഹുൽ നിവാസിൽ പ്രതാപൻ (ബേബി–62), ഭാര്യ ഷേർളി (53), മകൻ അഹിൽ (29), മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകൻ റയാൻ (8 മാസം) എന്നിവരാണു മരിച്ചത്.