മസ്കത്ത്: ഗവർണറേറ്റിലെ അമറാത് വിലായത്തിൽ പരിസ്ഥിതി അതോറിറ്റി (ഇ.എ) ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതച്ചു. രാജ്യത്ത് 10 ദശലക്ഷം മരം നടുന്നതിൻറെ ഭാഗമായിരുന്നു ഡ്രൈവ്. അമറാത്തിലെ അൽ സറൈൻ റിസർവിലായിരുന്നു ഇത്. വിവിധ ഗവർണറേറ്റുകളിൽ കാട്ടുമരം പിടിപ്പിക്കുന്നതിന് പരിസ്ഥിതി അതോറിറ്റി ശ്രമിക്കുന്നുണ്ട്. പെട്രോളിയം ഡെവലപ്മെൻറ് ഒമാനുമായി സഹകരിച്ച് കഴിഞ്ഞ ആഗസ്റ്റിൽ അൽ വുസ്ത ഗവർണറേറ്റിൽ ദശലക്ഷം കണ്ടൽ വിത്ത് നട്ടു.
2020ൽ രാജ്യത്തെ വിവിധ തീരപ്രദേശങ്ങിൽ 6,500 കണ്ടൽ തൈ നട്ടു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കടൽത്തീരങ്ങളെ മണ്ണൊലിപ്പിൽനിന്ന് സംരക്ഷിക്കുന്നതിനും കണ്ടൽക്കാടുകൾ സഹായിക്കുന്നു. കഴിഞ്ഞ വർഷം പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ ദാഹിറ ഗവർണറേറ്റിൽ 7,600 കാട്ടു മരം നട്ടു.