നിലമ്പൂർ: ടൗണിൽ സ്ഥിതി ചെയ്യുന്ന സൗഭാഗ്യ ലോട്ടറി കടയിൽ കഴിഞ്ഞ മാസം പുലർച്ചെ മോഷണ ശ്രമം നടത്തിയ ആളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിനുള്ളിൽ നിലമ്പൂരിൽ നടത്തിയ രണ്ടു മോഷണക്കേസിൽ ഉൾപ്പെട്ട മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം തെക്കരകത്ത് അബ്ദുൽറസാഖാണ് ഒടുവിൽ പോലീസ് വലയിൽ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിടെ എസ്.ഐ എം അസൈനാരും പ്രത്യേക അന്വേഷണ സംഘവും നിലമ്പൂർ ടൗണിൽ വച്ച് കണ്ട് തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ലോട്ടറി കടയോട് ചേർന്നുള്ള ഹോട്ടലിന്റെ പിൻവശത്തെ ഓട് നീക്കി അകത്തുകയറി മേശവലിപ്പിൽ നിന്നും കുറച്ച് പണവും പാലിയേറ്റീവ് കെയർ സംഭാവന പണമടങ്ങിയ ബോക്സ് കൈക്കലാക്കിയ ശേഷമാണ് ചുമര് തുരന്ന് ഇയാൾ ലോട്ടറി കടയിൽ കയറിയത്. നിലമ്പൂർ കോവിലകം റോഡിലെ നിമ്മി മെഡിക്കൽസിലും ഷട്ടറിന്റെ പൂട്ടുപൊളിച്ച് ഇയാൾ അകത്തു കയറി പരിശോധന നടത്തി മൊബൈൽ ഫോണും 1400 രൂപയും മോഷ്ടിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ലോഡ്ജുകൾ കേന്ദ്രികരിച്ച് പരിശോധിച്ചും പ്രതിയെ തിരിച്ചറിയുകയായിരുന്നു.