ദുബൈ: ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയും ധന ഇടപാട് സ്ഥാപനമായ വിസയും ദുബൈയിൽ പുതിയ ആസ്ഥാനങ്ങൾ തുറന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അന്താരാഷ്ട്ര ടെക് ഭീമൻമാരായ മെറ്റയും വിസയും ദുബൈയിൽ മേഖല ആസ്ഥാനങ്ങൾ തുറന്നകാര്യം അറിയിച്ചത്. മെറ്റയും വിസയും മിഡിലീസ്റ്റ്, ആഫ്രിക്ക മേഖല ആസ്ഥാനങ്ങളാണ് ആരംഭിച്ചത്. ദുബൈ ഇൻറർനെറ്റ് സിറ്റിയിലാണ് രണ്ട് ആസ്ഥാനങ്ങളും പ്രവർത്തിക്കുക. രണ്ട് ആസ്ഥാനങ്ങളും സന്ദർശിച്ചശേഷമായിരുന്നു കിരീടാവാകാശിയുടെ അറിയിപ്പ്. മെറ്റ ചീഫ് ഓപറേറ്റിങ് ഓഫിസർ ഷെറിൽ സാൻബർഗും പുതിയ ആസ്ഥാനം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന മെറ്റയുടെ മൂന്ന് ശതകോടിയോളം വരുന്ന മിഡിലീസ്റ്റ്, ആഫ്രിക്ക മേഖലയിലെ ഉപഭോക്താക്കൾക്ക് സേവനമെത്തിക്കുന്നത് ദുബൈയിൽനിന്നായിരിക്കും. ടെക്നോളജി മേഖലയിലെ ദുബൈ നഗരത്തിൻറെ മുന്നേറ്റവും സജ്ജീകരണങ്ങളുടെ മേൻമയും വ്യക്തമാക്കുന്നതാണ് ഇവരുടെ സാന്നിധ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. 22 വർഷമായി വിസ ഓഫിസ് ദുബൈയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ ആസ്ഥാനം യൂറോപ്പിൽ ഉൾപ്പെടെ 90 രാജ്യങ്ങിലേക്ക് പേമെൻറ് സേവനം മെച്ചപ്പെടുത്തുന്ന ഇന്നവേഷൻ ഹബ്ബായാണ് പ്രവർത്തിക്കുക.