കീവ്: യുക്രെയ്നിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾടാവയിൽ എത്തി. 694 വിദ്യാർഥികളെ 12 ബസുകളിലാണ് സുരക്ഷിത മേഖലയായ പോൾട്ടോവയിൽ എത്തിച്ചത്. ഇവരെ ട്രെയിൻ മാർഗം പടിഞ്ഞാറൻ യുക്രെയ്നിൽ എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.
രണ്ടാഴ്ചയായി തങ്ങളെ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞ് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സുമിയിലെ ഇന്ത്യൻ വിദ്യാർഥികൾ. ഭക്ഷണവും വെള്ളവും തീർന്നതുമൂലം ഐസ്കട്ടകൾ ഉരുക്കി ജലമാക്കി ജീവൻ നിലനിർത്താൻ പാടുപെടുന്നതിന്റെ വിഡിയോകളും പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച ബസുകളെത്തിയെന്നും അതിൽ കയറിത്തുടങ്ങിയെന്നും കുടുങ്ങിയ വിദ്യാർഥികളും സ്ഥിരീകരിച്ചു.