ന്യൂഡൽഹി: യുക്രെയ്ന്‍ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. യുദ്ധം മൂലം ഇന്ധന ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. വിലയുടെ കാര്യത്തില്‍ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവിലയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പെട്രോളിന്‍റെയും ഡീസിലിന്റെയും വില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വൻ തോതിൽ വർധിച്ചപ്പോഴും രാജ്യത്ത് ഇന്ധന വില ഉയർന്നിരുന്നില്ല. എന്നാൽ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വിലയിൽ കുതിപ്പുണ്ടാകുമെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ ജനങ്ങളുടെ താൽപര്യമനുസരിച്ചായിരിക്കും ഇന്ധന വില വർധനവിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുക എന്ന് മന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. അവിടെ ഒരു യുദ്ധ സമാനമായ സാഹചര്യം നടന്നു കൊണ്ടിരിക്കുകയാണ്. എണ്ണ കമ്പനികൾ ഈ സാഹചര്യം പരിഗണിക്കും. ജനങ്ങളുടെ താൽപര്യങ്ങളും പരിഗണിച്ചു കൊണ്ടായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക. നിലവിൽ ഇന്ധന വില വർധിപ്പിക്കാത്തത് രാജ്യത്തെ അഞ്ച് സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അല്ല. കഴിഞ്ഞ വർഷം പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 5 രൂപയും ഡീസലിന്റെ 10 രൂപയും കുറച്ചിരുന്നു. എന്നാൽ ഇത് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണെന്നാണ് ‘യുവനേതാവ്’ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ വൻ കുതിപ്പായിരിക്കും ഇന്ധന വിലയിൽ ഉണ്ടാകും, 12, 15 രൂപ വരെ ഇന്ധന വിലയിൽ ഉയർച്ച ഉണ്ടാകും എന്നായിരുന്നു റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാവരും വാഹനങ്ങളിൽ പെട്രോൾ നിറച്ചു വെക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.